2010 സെപ്റ്റംബർ 1, ബുധനാഴ്‌ച

ഋഷിപഞ്ചമി ( വിശ്വകര്‍മ്മ ജയന്തി )

ഓം നമോ വിരാട് വിശ്വകര്‍മ്മണേ നമ:
കലണ്ടറിലും മറ്റും വിശ്വകര്‍മ്മ ജയന്തി  എന്ന് കാണുമ്പോള്‍ പലരും കരുതുക ഇത് വിശ്വകര്‍മ്മാവ്‌ ജനിച്ച ദിവസം
എന്നാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ ദിനം, അതായത് ഓഗസ്റ്റ്, സെപ്റ്റംബര്‍  മാസങ്ങളില്‍  വരുന്ന ഭാദ്രപാദ മാസത്തിലെ നാലാം ദിവസമായ ഋഷിപഞ്ചമി ദേവന്മാരും ഋഷീശ്വരന്മാരും വിശ്വബ്രഹ്മദേവനെ സ്തുതിക്കുകയും പൂജിക്കുകയും ചെയ്യുന്ന ദിവസമാണ്.

അപ്പോള്‍ വിശ്വകര്‍മ്മാവിന് ജനന ദിവസം ഇല്ലേ എന്ന ചോദ്യം വരാം. ജനന ദിവസം തീര്‍ച്ചയായും ഉണ്ട്. പക്ഷെ സ്വയംഭൂ ആയ വിരാട് പുരുഷന്‍ വിശ്വകര്‍മ്മാവിന്ടെ ജനന ദിവസവും നാളും നാഴികയും ആര്‍ക്കാണ് ഗ്രഹിക്കാന്‍ കഴിയുക. ഒരു കുട്ടി ജനിച്ചാല്‍ അതിന്ടെ ജനന സമയം സ്വന്തം അമ്മയ്ക്കല്ലേ പറയാന്‍ കഴിയൂ. അമ്മയില്ലാതെ സ്വയംഭൂവായ പരമ പുരുഷന് അങ്ങനെ പിറനാള്‍ ഇല്ലാതായി. കോടാനുകോടി വര്ഷം ശബ്ദമായി പിന്നെ കോടാനുകോടി വര്ഷം പരമാണു ആയി, പിന്നെ ഹിരണ്യഗര്‍ഭനായി  കോടാനുകോടി വര്‍ഷങ്ങള്‍ പിന്നെ ഹിരണ്യഗര്‍ഭനില്‍  നിന്നും പരമ പുരുഷനിലേക്ക്. ഇതില്‍ ഏതെങ്കിലും ഒരു ദിനം അദ്ദേഹത്തിണ്ടെ ജനനം ആവാം. അത് എന്നാണ് എന്ന് കണ്ടെത്തുക അസാധ്യം.
   
ഭാദ്രപാദ മാസത്തിലെ ശുക്ളപക്ഷ പഞ്ചമിയാണ് ഋഷിപഞ്ചമി എന്നറിയപ്പെടുന്നത്.
കര്‍മങ്ങളില്‍  വന്നുപോയ പാപങ്ങള്‍ക്  പ്രായശ്ഛിത്തം അനുഷ്ഠിക്കുന്ന ദിവസമാണ് ഇത്. പഞ്ച ഋഷികള്‍ക്ക് ഭഗവാന്‍ തണ്ടെ വിശ്വരൂപം ദര്‍ശനം നല്കി  അനുഗ്രഹിച്ചതിണ്ടെ സ്മരണ പുതുക്കിയാണു ഋഷിപഞ്ചമി ആഘോഷിക്കുന്നത്.
ഹൈന്ദവ ആഘോഷങ്ങളില്‍ പഞ്ചമി നാളിന് ഏറെ പ്രാധാന്യമുണ്ട്. പഞ്ചമിയെന്നാല്‍ അഞ്ചാമത്തെ ദിവസം. വസന്ത പഞ്ചമി, നാഗപഞ്ചമി, ഋഷിപഞ്ചമി എന്നിങ്ങനെ ഒട്ടേറെ പഞ്ചമി ദിനാഘോഷങ്ങളുണ്ട്.
സപ്തര്‍ഷികളായ കശ്യപന്‍, അത്രി, ഭരദ്വാജന്‍, വിശ്വാമിത്രന്‍, ഗൗതമന്‍, ജമദഗ്നി, വസിഷ്ഠന്‍ തുടങ്ങിയവരെ പൂജിക്കേണ്ട ദിവസമാണ് ഋഷിപഞ്ചമി എന്നതാണ് മറ്റൊരു വിശ്വാസം. ജ്യോതിഷ പ്രകാരം പ്രോഷ്ടപാദ മാസത്തിലെ ശുക്ളപഞ്ചമി മധ്യാഹ്നത്തിന് വരുന്ന ദിവസം സ്ത്രീകള്‍ രജോദോഷ പ്രായശ്ചിത്തമായി വ്രതം അനുഷ്ഠിക്കണമെന്ന് പറയുന്നുണ്ട്.
എന്തായാലും, പ്രപഞ്ചത്തിലെ സര്‍വ ചരാചരങ്ങളുടെയും സൃഷ്ടികര്‍ത്താവ് സ്വയംഭൂവായ വിശ്വബ്രഹ്മാവിനെ സ്മരിക്കുകയും പൂജിക്കുകയും ചെയ്യേണ്ട ദിവസമാണ് ഈ വരുന്ന സെപ്റ്റംബര്‍ 13 തീയതി  ഋഷിപഞ്ചമി അഥവാ വിശ്വകര്‍മ്മ ജയന്തി.
 ഓം നമോ വിരാട് വിശ്വകര്‍മ്മണേ നമ: 

2010 ഓഗസ്റ്റ് 26, വ്യാഴാഴ്‌ച

വിശ്വകര്‍മ്മ ശ്ലോകം

വിശ്വകര്‍മ്മ ശ്ലോകം
പഞ്ച വക്രം ജടാജൂതം പഞ്ചദാസ വിലോചനം
സദ്യോജാതനനം ശ്വേതം വാമദേവം കൃഷ്ണകം
തത്പുരുഷം പീതവര്‍ണ്ണച്ച: ഈശാനം ശ്യാമ വര്‍ണകം
അഖോരം രക്ത വര്‍ണംച്ച: ശരീരം ഹേമവര്‍ണകം
ദശബാഹും മഹാകായം കര്‍ണ്ണ കുണ്ടല മണ്ടിതം
പീതാംബരം പുഷ്പമാല നാഗയജ്നോപവീതം
രുദ്രാക്ഷ മാലാഭരണം വ്യാഘ്രചര്മോത്തരീയം
അക്ഷ മാലാന്‍ച്ച: പദ്മനച്ച:  നാഗശൂല പിനാകിനം
ഡമരു വീണ ബാണംച്ച: ശംഖ ചക്ര കരാനവിതം
കോടിസൂര്യ പ്രതീകസമ സര്‍വജീവ ദയാപരം
ദേവ ദേവം മഹാദേവം വിശ്വകര്‍മ ജഗദ്‌ഗുരു:
പ്രസന്നവദനം  ധ്യായെ സര്‍വ വിഘ്നോപ ശാന്തയേ

അഭ്ഹെപസിതാര്‍ത്ഥ  സിദ്ധ്യര്തം  പുജതോ  യസ്സൂര്യ്രപി
സര്‍വവിഘ്ന ഹരം ദേവം സര്‍വവിഘ്ന വിവര്‍ജിതം
ആഃഊഃ  പ്രജാനാം ഭക്താനാം അത്യന്ത ഭക്തി പൂര്‍വകം
സൃജന്തം വിശ്വകര്‍മ്മാണം  നമോ  ബ്രഹ്മ പിതായച്ച:

പഞ്ചമുഖ ധ്യാനം
ഓം നം തത്പുരുഷായ വിദ്മഹേ മഹാദേവായ ധീമഹി തന്നോ രുദ്ര: പ്രജോതയാത്
ഓം നമോ ഭഗവതേ രുദ്രായ  നം ഓം പൂര്‍വ മുഖായ നമ:.
ഓം നം അഘോരേഭ്യോടഥ്   ഘോരേഭ്യോ ഘോരഘോരതരേഭ്യ: സര്‍വേഭ്യസ്സര്‍വ്വ സര്‍വേഭ്യോ നമസ്തു അസ്തൂ രുദ്രരുപേഭ്യ:
ഓം നമോ ഭഗവതേ രുദ്രായ മം ഓം ദക്ഷിണ മുഖായ നമ:.
ഓം ശിം സദ്യോജാതം പ്രപദ്യാമി സദ്യോജാതായ വൈ നമോ നമ: ഭവേഭവേ നാതിഭവേ ഭവസ്വാമാം ഭവോത്ഭാവായ നമ:
ഓം നമോ ഭഗവതേ രുദ്രായ ശിം ഓം പശ്ചിമ മുഖായ നമ:.
ഓം വം വാമദേവായ നമോ ജേഷ്ടായ നമശ്രേഷ്ടായ നമോ രുദ്രായ നമ കാലായ നമ: 
ഓം നമോ ഭഗവതേ രുദ്രായ വാം ഓം ഉത്തര മുഖായ നമ:. 
ഓം യം ഈശാനസ്സര്‍വ്വ വിദ്യാനാമീശ്വര സര്‍വ്വഭൂതാനാം ബ്രഹ്മധിപതി ര്‍ബ്രഹ്മണോടധിപതി ര്‍ബ്രഹ്മോ ശിവോ മേ അസ്തു സദാശിവോമ്
ഓം നമോ ഭഗവതേ രുദ്രായ യം ഓം ഊര്‍ധ്വ മുഖായ നമ:.

2010 ജൂൺ 17, വ്യാഴാഴ്‌ച

ആചാരിയും ആശാരിയും (achari or asari)

എന്‍റെ പേരിന്റെ കൂടെ കുലനാമമായ ആചാരി എന്ന വാല് കണ്ടു ഒരിക്കല്‍  ഒരു സുഹൃത്ത്‌  (അദ്ദേഹം വിശ്വകര്‍മ്മജന്‍ ആണന്ന് പിന്നിടാണ് അറിഞ്ഞത്!) എന്നോട് ചോദിച്ചു "നിങ്ങള്‍ ആശാരി അല്ലെ ? ആചാരി അല്ലലോ" എന്ന്. എന്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ ചോദിച്ചതെന്ന് ഞാന്‍ ചിന്തിച്ചു. സ്വന്തം സമുദായത്തില്‍ പോലും ആരാണ് ആചാരി എന്നറിയാത്തവര്‍ ഉണ്ടെന്നു തോന്നുന്നു?. അതോ കേരളത്തില്‍ എവിടെയെങ്കിലും അങ്ങനെ വ്യത്യാസം ഉണ്ടോ?  എന്തായാലും ആചാരി എന്നാല്‍ എന്താണന്ന് എനിക്കറിയാവുന്നത് ഇവടെ കുറിക്കുന്നു. അഭിപ്രായങ്ങള്‍ അറിയിക്കുക.
ഗുരു, അദ്ധ്യാപകന്‍, വേദവും ശാസ്ത്രവും പഠിച്ച ആള്‍  എന്നെല്ലാം അര്‍ഥം വരുന്ന "ആചാര്യ" സംസ്കൃത പദത്തില്‍ നിന്നാണ് ആചാരി എന്ന പദം ഉണ്ടായത്. എന്ത് കൊണ്ടാണ് ആചാര്യനില്‍ നിന്നും ആചാരി വെത്യസ്ഥന്‍ ആയത്‌?.- ഉത്തരം,
 "ആചാര്യന്‍" ഗുരുനാഥനും  വേദവും ശാസ്ത്രവും  പഠിച്ച ആള്‍ ആണെങ്ങില്‍,  "ആചാരി"  ഗുരുനാഥനും വേദശാസ്ത്ര പണ്ഡിതനും ഒരു കരകൌശല വിദഗ്ദ്ധനും കൂടിയാണ്.
ശില്പ ശാസ്ത്രത്തില്‍ ആചാരിയുടെ നിര്‍വചനം ഇങ്ങനെയാണ്
ആ കാരോ ആഗമ സ്വസ്തി
ച കാരോ ശാസ്ത്ര കോവിത
രി കാരോ ദേവോല്പതി
ആചാരി യത് ത്രയക്ഷരം       
 വിശദീകരണം ഇങ്ങനെ, പ്രാണവായുവില്‍ പോലും വേദത്തെ കാണുകയും ശാസ്ത്രം പഠിച്ചവനും ദേവ ശില്പങ്ങള്‍ നിര്‍മ്മിക്കാന്‍
കഴിവുള്ളവനും ആണ് ആചാരി.
ദക്ഷിണ ഇന്ത്യയിലെ  വിശ്വകര്‍മ്മജര്‍ ആണ് ആചാരി എന്ന കുല നാമം ഉപയോഗിക്കുനത്. വിശ്വകര്‍മ്മജരിലെ അഞ്ചു വിഭാഗങ്ങള്‍ക്കും ഈ പേര് അവകാശപ്പെട്ടതാണ് എന്നാണു എന്‍റെ അറിവ്.
ഇതില്‍ ആന്ധ്ര പ്രദേശ്‌, മധ്യപ്രദേശ്‌, കര്‍ണ്ണാടക എന്നി  ഇടങ്ങളില്‍ ആചാരി എന്നുപയോഗിക്കുമ്പോള്‍  തമിഴ് നാടിലും കേരളത്തിലും ചിലയിടങ്ങളില്‍ ആചാരി എന്നത് ആശാരി ആയിമാറി. ഇതിനു രണ്ടു കാരണങ്ങള്‍ ഉണ്ട്.
ഒന്ന്, അവിടുത്തെ  നാട്ടു ഭാഷകള്‍ ആണ്. പൂജാരിക്ക് പൂശാരി, രാജാവിനു രാശാവ്, യജമാനന്‍ എന്നതിന് യശമാനന്‍ എന്നു പറയുന്നത് പോലെ ആചാരിക്ക് ആശാരി എന്നായി. അങ്ങനെ  ഇവടെ വിശ്വകര്‍മ്മ സമുദായം മുഴുവന്‍ ആശാരി എന്ന പേരില്‍ ആയി. മരയാശാരി, കല്ലാശാരി, പൊന്നാശാരി തുടങ്ങിയ വിളിപേരുകള്‍ ഉണ്ടായി. പക്ഷെ മരപണി ചെയ്തിരുന്ന വിഭാഗം മറ്റുള്ളവരെ അപേക്ഷിച് പേരിന്റെ കൂടെ കുലനാമം വച്ചിരുന്നതിനാല്‍, ആശാരി എന്നത്  മരപണി ചെയ്യുനവര്‍ മാത്രമാണെന്ന് തെറ്റിധരിക്കപെട്ടു. അങ്ങനെ തച്ചന്‍ (തക്ഷുകന്‍) മാരുടെ വിളിപേര് ആശാരി എന്നായി.
കേരളത്തില്‍ തന്നെ വടക്കന്‍ കേരളത്തിലാണ് കുടുതല്‍ ആയും ആശാരി എന്നു മരപ്പണിക്കാരെ  വിളിക്കുനത്. എന്ടെ  നാട്ടില്‍ (പത്തനംതിട്ട) ആശാരി എന്നവാക്ക് ഉപയോഗിക്കുനുന്ടെങ്കിലും മരപ്പണി ചെയ്യുന്നവരെ മുന്‍പ് "പണിക്കന്‍" (ഇത് മധ്യ തിരുവിതാംകൂറിലെ ക്രൈസ്തവരുടെ സംഭാവനയാണ്) എന്ന പേരിലാണ് അറിയപ്പെടിരുന്നത്. അതുപോലെ തന്നെ അവിടെ വിശ്വകര്‍മ്മജരിലെ  അഞ്ചു വിഭാഗങ്ങളും ആചാരി എന്ന കുലനാമം ആണ് ഉപയോഗിച്ചിരുന്നത്, ഇപ്പോഴും ഉപയോഗിക്കുനത്. അവടെ നീ ആശാരി ഞാന്‍ ആചാരി എന്ന വ്യത്യാസം ഇല്ല.

രണ്ടാമത്, ത്മിഴ് നാട്ടില്‍ ഉണ്ടായിരുന്ന ഒരു വിഭാഗം ബ്രാഹ്മണര്‍ "ആചാരി" എന്ന സ്ഥാന പേര് (?) ഉപയോഗിച്ചിരുന്നു.
ഇവരില്‍ ചിലര്‍  കരുതുകൂട്ടി വിശ്വകര്‍മ്മ സമുദായത്തിന്റെ ആചാരി എന്ന കുലനാമം ആശാരി എന്നാക്കാന്‍ ശ്രമിച്ചിരുന്നു.
അത് വിജയിക്കുകയും ചെയ്തു. "എഡ്ഗര്‍ തെര്‍സ്ടോന്‍" ണ്ടെ "കാസ്റെസ് ആന്‍ഡ്‌ തൃബെസ് ഓഫ് സതെര്ന്‍ ഇന്ത്യ" എന്ന പുസ്തകത്തില്‍ ഇത് വ്യക്തമായി പറയുന്നുണ്ട്. ആചാരി എന്നത് വിശ്വകര്‍മ്മജരുടെ മുഴുവന്‍ കുലനാമം ആണ്. അല്ലാതെ ജാതി പേരല്ല.
അപ്പോള്‍ ആശാരിയും ആചാരിയും രണ്ടു വിഭാകം അല്ല എന്നു അറിയാത്തവര്‍ മനസിലാക്കുക.

മറ്റൊരു കാര്യം, അവിവാഹിതനായ ഞാന്‍  matrimony site കള്‍ നോക്കുന്ന ആള്‍ ആണ്. അങ്ങനെയാണ്       എന്റെ ശ്രദ്ധയില്‍ പെട്ടത്  ചിലര്‍ തമിള്‍  ഗോള്‍ഡ്‌ സ്മിത്ത് എന്നെഴുതിയിട്ട് ബ്രാകറ്റില്‍ "വിശ്വബ്രാഹ്മണര്‍" എന്നെഴുതുന്നു. യഥാര്‍ഥത്തില്‍ തമിള്‍ ഗോള്‍ഡ്‌ സ്മിത്ത് മാത്രമല്ല പരബ്രഹ്മാവിന്റെ പുത്രന്മാരായ സനകന്‍, സനാതന്‍, അഭുവനന്‍, പ്രജ്ഞ്സന്‍, സുപര്ണന്‍  തുടങ്ങിയ പഞ്ച ഋഷികളുടെ പിന്‍ഗാമികളായ മനു, മയാ, ത്വഷ്ട, ശില്പി, വിശ്വഗ്ന തുടങ്ങിയ വിഭാഗത്തില്‍ പെടുന്നവരെല്ലാം തന്നെ "വിശ്വബ്രാഹ്മണര്‍" ആണ്. അതുകൊണ്ട് പ്രത്യേകമായി വിശ്വബ്രാഹ്മണര്‍ എന്നൊരു വിഭാഗം വിശ്വകര്‍മ്മ്ജരുടെ ഇടയില്‍ ഇല്ല.                                      
സമുദായതിനുള്ളിലുള്ള ഇത്തരം അസംഘടിത ചിന്തകള്‍ വെടിഞ്ഞു ഒന്നിച്ചു നില്‍ക്കുവാന്‍ ശ്രമിക്കുക.       

2010 മേയ് 6, വ്യാഴാഴ്‌ച

ഭാരതത്തിലെ വിശ്വകര്‍മ്മ സമുദായം

BC. മൂന്നാം നൂറ്റാണ്ടിലെ ഒരു ശില ശില്‍പം    
മനു, മയാ, ത്വഷ്ട, ശില്പി, വിശ്വാഗ്ന എന്നിവരുടെ പിന്‍ഗാമികള്‍ എന്നറിയപ്പെടുന്നത് ഇന്ന് ഭാരതത്തിലെ വിശ്വകര്‍മ്മ സമുദായം മാത്രമാണ്. എന്നാല്‍ ലോകത്തുള്ള സകല മനുഷ്യരും ഭഗവാന്റെ സൃഷ്ടി തന്നെ ആണ്. ലോകതുണ്ടായിരുന്ന എല്ലാ സംസ്ക്കാരങ്ങളുടെയും തുടക്കം സിന്ധു നദിതട സംസ്ക്കാരം ആണെന്ന് പറയപെടുന്നു. ഇവയുടെ എല്ലാം അധിപര്‍ ശില്പികളും കരകൌശല വിധക്തരും ആണ്. എന്നാല്‍ ഇന്ത്യയിലെ ജാതി സമ്പ്രദായമാണ് വിശ്വകര്‍മ്മ എന്ന സമുദായം ഉണ്ടാവാന്‍ കാരണം ആയത്‌. ഇന്ത്യയുടെ പുരാതന സംസ്ക്കരങ്ങളായ മോഹന്ജതാരോ ഹാരപ്പ സംസ്ക്കാരങ്ങള്‍ നോക്കിയാല്‍ ഇതു മനസ്സില്‍ആകും. അവിടെ ജാതി വ്യവസ്ഥയോ വിഗ്രഹ ആരാധനയോ ഉണ്ടായിരുന്നില്ല. ഏക ദൈവ ആരാധകരായിരുന്ന അവര്‍ സ്വന്തം നഗരവും ഭവനവും മോഡി കൂട്ടുവാനും മറ്റും ശില്പവേലകള്‍ ചെയ്തും കൃഷി ഒരു മുഖ്യ തൊഴിലാക്കിയവരും ആയിരുന്നു. ശില്പവേലകളില്‍ അതി പ്രഗല്‍ഭര്‍ ആയിരുന്നു എന്നു, ഇവരുടെ ചരിത്രം പറയുന്നു. അവിടെ ബ്രാഹ്മണനോ ശൂദ്രനൊ ക്ഷത്രിയനോ ഇല്ലായിരുന്നു. നമ്മുടെ വേദങ്ങള്‍ നോക്കിയാല്‍ മനസിലാവുന്നത് ഏക ദൈവത്തില്‍ അധിഷ്ടിതമായ ഒരു ജനതയാണ് അന്ന് ഉണ്ടായിരുന്നത് എന്നാണ്. വേദങ്ങളില്‍ പറയുന്ന അഗ്നി (തീ), ഇന്ദ്രന്‍ (ഇടിമിന്നല്‍), വരുണന്‍ (സമുദ്രം, ജലം), വായു (കാറ്റ്) തുടങ്ങിയവര്‍ ദൈവങ്ങള്‍ അല്ല മറിച്ച്‌ ജനം ഭയപ്പെട്ടിരുന്ന ശക്തികള്‍ മാത്രമായിരുന്നു. അതിനാല്‍ അവരെ പ്രീതിപെടുതുവാന്‍ മന്ത്രങ്ങള്‍ ജപിച്ചു. ആരാധിച്ചു. അങ്ങനെ ചെയ്‌താല്‍ ഇവ തങ്ങളുടെ അധീനതയില്‍ ആകുമെന്നും അവര്‍ വിശ്വസിച്ചു. ഋഗവേദത്തില്‍ പരമ ശക്തനായ ഈശ്വരന്‍ (സൃഷ്ട്ടാവ്) വിശ്വകര്‍മ്മാവ്‌ തന്നെയാണ്. അദേഹത്തെ പ്രജാപതി എന്നും ഹിരണ്യഗര്ഭന്‍ എന്ന പേരിലും  പരാമര്‍ശിക്കുന്നു. യജുര്‍വേദം, ശുക്ലയജുര്‍വേദം, സ്കന്ദപുരാണം, ബ്രഹ്മാണ്ടപുരാണം, മത്സ്യപുരാണം തുടങ്ങിയവയിലെല്ലാം ഇതു തന്നെയാണ് ആവര്‍ത്തിക്കുന്നത്. പക്ഷെ കാലങ്ങളായി ആര്യവര്‍ഗ അധിനതയില്‍ ആയിരുന്ന ഇവയില്‍ വളരെ അധികം തിരുത്തലുകള് ഉണ്ടായിട്ടുള്ളതായി കാണാം. ആര്യവര്‍ഗ ആഗമനത്തിനു മുന്‍പ് തികച്ചും സമത്വത്തില്‍ വിശ്വസിച്ചിരിന്നവരും വേദത്തില്‍ വിശ്വസിച്ചിരുന്നവരും ആയിരുന്നു  ഹിന്ദു ജനത (സിന്ധു നദിതടങ്ങളില്  വസിച്ചിരുന്നവര്‍ എല്ലാവരും ഹിന്ദുക്കള്‍ ആണ് ). അതിനു ശേഷം അതായത് ആര്യ ആഗമനത്തിനു ശേഷം വേദങ്ങളെ മറന്ന്‌,  പുരാണങ്ങളും അതിലെ കല്പിത കഥാ പാത്രങ്ങളെയും ആരാധിക്കാന്‍ തുടങ്ങി അല്ലെങ്ങില്‍ അങ്ങനെ വേണ്ടി വന്നു.  ഹിന്ദു സംസ്ക്കാരവും ആര്യ സംസ്ക്കാരവും തികച്ചും വെത്യസ്തം ആയിരുന്നു. യഥാര്‍ത്ഥത്തില്‍ ഹിന്ദു സംസ്ക്കാരം എന്നു പറയുന്നത് തന്നെ ആര്യവര്‍ഗ ആഗമനത്തിനു മുന്‍പ് ഉണ്ടായിരുന്നതാണ്. ആര്യന്മാരാണ്‌ ഇവടെ ചാതുര്‍വര്‍ണ്യവും മറ്റും കൊണ്ടുവന്നത് എന്നു അറിയാമല്ലോ. വേദങ്ങളും മറ്റും എഴുതുകയല്ല മറിച്ച്‌ തിരുത്തുകയാണ് ഉണ്ടായത്.
വേദ കാലത്ത് 5 എന്ന അക്കത്തിനു വളരെ പ്രാധാന്യം ഉണ്ടായിരുന്നു. ഉദാഹരണം  സിന്ധു നദിക്കരക്ക് പഞ്ചാബ്‌ (അഞ്ചു നദി) എന്ന പേര് വന്നത്. അഞ്ചു പേരടങ്ങുന്ന ഭരണ സംവിധാനമാണ് പഞ്ചായത്ത്, പിന്നെ പഞ്ചാംഗം, പഞ്ചവാദ്യം, പഞ്ച രക്ത്നം, പഞ്ചകര്‍മ, പഞ്ചഗവ്യം, തുടങ്ങിയവ ഇപ്പോഴും സുപരിചിതമായ വാക്കുകള്‍ ആണ്. എന്നാല്‍ ആര്യവര്‍ഗ ആഗമനത്തോടുകൂടി 5 -ഇന് പ്രാധാന്യം ഇല്ലാതായി. ഇവര്‍ പഞ്ച എന്ന വാക്കിനു പകരം ചതുര്‍ (4 ) എന്നു മാറ്റി. അഞ്ചു ശിരസുകള്‍ ഉണ്ടായിരുന്ന വിശ്വകര്‍മ്മാവിനെ,  നാല് ശിരസുള്ള ഉള്ള ബ്രഹ്മ്മവാക്കി. ബ്രാഹ്മവിന്ടെ ശരീരത്തില്‍ നിന്നും നാല് വര്‍ണ്ണങ്ങള്‍ ഉണ്ടാക്കി. പിന്നെ ചതുര്‍ കാലങ്ങള്‍, ചതുര്‍ദിശകള്‍, ചതുര്‍ കലകള്‍ അങ്ങനെ എല്ലാം വെട്ടി കുറച്ചു. അങ്ങനെ "5 " അനുഭാവികള്‍ പതിയെ പിന്തള്ളപെട്ടു. ബ്രാഹ്മവിന്ടെ ശക്തി കുറച്ചു കാട്ടുകയും അദേഹം അഹങ്കാരി ആണെന്നും ഉള്ള കഥകള്‍ മെനയുകയും, ആര്യ സൃഷ്ടികളായ പരമ ശിവനും വിഷ്ണുവും വാഴ്തപെടുകയും ചെയ്തു. "സര്‍വ്വവും ബ്രഹ്മ സൃഷ്ടി" എന്നു പറയുന്നു എങ്കിലും ഭാരതത്തില്‍ ബ്രഹ്മ ദേവ ക്ഷേത്രങ്ങള്‍ വളരെ കുറവാണ് എന്നുള്ളതിന്ടെ കാരണവും ഇതാണ്.  
ആദ്യം പറഞ്ഞത് പോലെ വിശ്വകര്‍മ്മാവ്  പരമ ശക്തനായ ഈശ്വരന്‍ ആണന്നു വേദങ്ങള്‍ പറയുമ്പോള്‍ വ്യാസ സൃഷ്ടിയായ മഹാഭാരതത്തില്‍ പറയുന്നത്  " വിശ്വകര്‍മ്മാവ് ആയിരകണക്കിന് കരകൌശലക്കാരുടെ ഗുരുനാഥനും ദേവകളുടെ മരപണിക്കാരനും ആണ്" എന്നാണ്. എത്ര വിചിത്രം അല്ലെ?
പരമ ശക്തനായ ഈശ്വരനെ മറന്ന്‌ ആര്യന്‍മാരുടെ സാങ്കല്പിക സൃഷ്ടികള്‍ ആയ ദേവകളെ പൂജിക്കുകയും ( മുപ്പതു മുക്കോടി ദേവകളും ഒന്നാണ് എന്ന സങ്കല്പം എത്ര നല്ലതാണ്!!) ഇവരുടെ അക്രമങ്ങളും (ഭഗവാന്‍ ആയതു കൊണ്ട് നിഗ്രഹിക്കുക, ശപിക്കുക തുടങ്ങിയവ), ലീലകളും വായിച്ചും, മെഗാ പരമ്പരകളായി കണ്ടും നമ്മള്‍ ഭക്തിയുടെ കൊടുമുടി താണ്ടുന്നു. പക്ഷെ ക്ഷേത്രങ്ങളും ആചാരങ്ങളും അനുഷ്ടാനങ്ങളും ഇന്ന് നമ്മുടെ സംസ്കാരതിന്ടെയും പാരമ്പര്യതിന്ടെയും ഭാഗം ആണ്. ഇവയെ തള്ളി പറയുവാനോ ഇല്ലതാക്കുവാണോ അല്ല മറിച്ച്‌ ഭഗവാന്‍ ശ്രീ വിരാട് വിശ്വകര്‍മ്മവിനെയും വിശ്വകര്‍മ്മജരെയും അറിയുവാന്‍ വേണ്ടി മാത്രമാണ് ഇതെഴുതിയത്     
                                                                  

2010 മാർച്ച് 4, വ്യാഴാഴ്‌ച

ശ്രീ വിശ്വകര്‍മ്മ ദേവന്‍

"ന ഭൂമിഹ് ന ജലം ച യേവ - ന തേജോ ന ച വായു:
ന ച ബ്രഹ്മ, ന വിഷ്ണുസ് ച - ന രുദ്രാസ് ച താരക:
സര്‍വ്വ സൂര്യ നിരാലംബം സ്വയംഭൂ വിശ്വകര്‍മ്മന:"(സ്കന്ദപുരാണം)

വിശ്വം കര്‍മ്മ യസ്യ അസൌ വിശ്വകര്‍മ എന്നതാണ് വിശ്വകര്‍മ്മാവ്‌. 
വിശ്വത്തെ സൃഷ്ടിച്ചതിനാല്‍ വിശ്വബ്രഹ്മം വിശ്വകര്‍മ്മാവായി.
സൃഷ്ടിക്കു മുന്‍പ് സര്‍വ്വം ശുന്യമായിരുന്ന അവസ്ഥയില്‍ ശക്തി (ശബ്ദം, ഓംകാരം ) ബ്രഹ്മം ആയി. ഈ ബ്രഹ്മം അദൃശ്യവും നിരാലംബനും ആയിരുന്നു. ആകാശം, വായു, ഭൂമി, വെള്ളം, തേജസ്സ്, ചിത്തം, ബ്രഹ്മാവ്, വിഷ്ണു, രുദ്രന്, സൂര്യന്, ചന്ദ്രന്, നക്ഷത്രങ്ങള് എന്നിവയൊന്നും ഇല്ലാത്ത ഒരു അവസ്ഥയായിരുന്നു അന്ന്. അതിനാല്‍ ഈ ബ്രഹ്മം തന്നിലെ ആദിശക്തി, ഇച്ചാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി, പരാശക്തി എന്നീ പഞ്ച ശക്തികളെ ജ്വലിപ്പിച്ചു.  ഈ പഞ്ചാ ശക്തികള്‍ യഥാ ക്രമം സദ്യോജാ‍തം,  വാമദേവം,   അഘോരം, തല്പുരുഷം, ഈശാനം എന്നി പഞ്ചമുഖങ്ങള്‍ ആയി. അങ്ങനെ കേവല ബ്രഹ്മം പഞ്ചമുഖ ബ്രഹ്മവായി പ്രപഞ്ചത്തെ സൃഷ്ടിച്ചു.
"യത് കിഞ്ചിത് ശില്‍പം തത് സര്‍വം വിശ്വകര്‍മ്മജം"
ഭൂലോകത്തിലെ ചെറു കണിക പോലും ഭഗവാന്‍ വിശ്വകര്‍മ്മാവിന്റെ സൃഷ്ടിയാണ്
കോടിസൂര്യന്‍റെ സൂര്യശോഭയില് വിളങ്ങുന്ന ശ്രീ വിരാട് വിശ്വകര്‍മ്മാവ് ലോകത്തിന്‍റെ സൃഷ്ടികര്‍ത്താവാണ്.
അഞ്ച് മുഖവും 15 കണ്ണും ഉള്ള രൂപമാണ് വിശ്വകര്‍മ്മാവിന്‍റേത്. ഓരോ മുഖവും വ്യത്യസ്തമാണ്. സദ്യോജാ‍ത മുഖം വെളുത്തതും വാമദേവമുഖം കറുത്തതും അഘോരമുഖം ചുവന്നതും ഈശാന മുഖം നീലയും തല്‍പ്പുരുഷമുഖം മഞ്ഞയുമാണ്. സ്വര്‍ണ്ണനിറത്തിലുള്ള ശരീരത്തില് 10 കൈകളും കര്‍ണ്ണകുണ്ഡലങ്ങളും മഞ്ഞ വസ്ത്രം എന്നിവയും പിന്നെ പുഷ്‌പമാല, സര്‍പയജ്ഞോപവിതം, രുദ്രാക്ഷമാല, പുലിത്തോല്, ഉത്തരീയം, പിനാകം, ജപമാല, നാഗം, ശൂലം, താമര, വീണ, ഡമരു, ബാണം, ശംഖ്, ചക്രം, എന്നിവയും വിശ്വകര്‍മ്മാവ് അണിഞ്ഞിരിക്കുന്നു.
വിശ്വകര്‍മ്മാവിന്‍റെ ആസ്ഥാന നഗരം മഹാമേരു പര്‍വതത്തിലാണ്. അതിന്‍റെ ഉയരം ഒരു ലക്ഷം യോജനയാണ്. 32000 യോജന സമവൃത്തവും നിരപ്പും അതിന്‍റെ നടുവിലാണ് ഭഗവാന്‍ വിശ്വകര്‍മ്മാവിന്‍റെ ആവാസസ്ഥാനം.

വേദങ്ങളിലെ ഭഗവാന്‍ വിരാട് വിശ്വകര്‍മ്മാവ്
ഋഗ്വേദത്തില്‍ പ്രധാനികളായ ഇന്ദ്രന്‍, മിത്രന്‍, വരുണന്‍, അഗ്നി, വിഷ്ണു എന്നിവര്‍ ഓരോ പ്രത്യേക വകുപ്പുകളുടെ ദേവന്‍മാരെങ്ങിലും ഇവരുടെയെല്ലാം ഉടമസ്ഥനും പിതാവുമായി വിശ്വകര്‍മ്മാവിനെയാണ് സംഭോതന ചെയ്യുന്നത്. ഹിരന്യഗര്‍ഭ്ന്‍. പ്രജാപതി തുടങ്ങിയ പേരിലും പരാമര്‍ശിക്കുന്നു.

"ആദിയില്‍ ഹിരന്യഗര്‍ഭ്ന്‍ മാത്രമേ ഉണ്ടായിരുന്നു ഉള്ളു. അവനില്‍ നിന്നാണ് സര്‍വ്വ ചരാചരങ്ങളും ഉണ്ടായത്. ലോകം മുഴുവന്‍ ഹിരന്യഗര്‍ഭ്ന്ടെ ‍കല്പനകള്‍ അനുസരിക്കുന്നു അതിനാല്‍ അവനു മാത്രം ഹവിസര്‍പ്പികുക."(ഋഗ്വേദം 10 :12 : 1 )
"പ്രപഞ്ച്ങ്ങളെയും ദേവന്മാരെയും സൃഷ്ടിച്ചതും സ്വര്‍ഗ്ഗവും ഭൂമിയും നിര്‍മ്മിച്ചതും വിശ്വകര്‍മ്മവാണ് അതിനാല്‍ അദ്ദേഹത്തെ വന്ദിക്കുക." (ഋഗ്വേദം 10:90:2 ) 
"ഈ  വിശാലമായ സൃഷ്ടിയെ ജനിപ്പിച്ച വിശ്വകര്‍മ്മാവായ പ്രജാപതി ഭൂമിയും അന്തരീശാദികളെയും രചിച്ച് അവയല്ലാം  സ്വന്തം ശക്തിയില്‍ പൊതിഞ്ഞു വെച്ചിരിക്കുന്നു." (ശുക്ലയജുര്‍വേദം 17 : 18   ) 
"ചതുപ്പ് നിലങ്ങളുടെയും നാടിന്റെയും കാടിന്റെയും കുന്നിന്ടെയും ആലകളുടെയും ആലയങ്ങളുടെയും ഗുഹകളുടെയും ജലാശയ്ങ്ങളുടെയും നിലാവിന്ടെയും ശബ്ദതിന്ടെയും ധുളികളുടെയും 
ചെടികളുടെയും നദികളുടെയും പച്ച്ചിലകളുടെയും മണ്ണില്‍ കൊഴിഞ്ഞ ഇലകളുടെയും 
നാഥനായ അങ്ങേക്ക് (വിശ്വകര്‍മ്മാവിന്) മനസ്ക്കാരം." (കൃഷ്ണയജുര്‍വേദം 4 : 6 -9 ) 

പഞ്ച ഋഷികള്‍
ബ്രഹ്മാണ്ട പുരാണത്തില്‍ ആണ് ഈ ഋഷികളെ കുറിച്ചു കൂടുതല്‍ പറയുന്നത്. ഭഗവാന്റെ അഞ്ചു മുഖങ്ങളില്‍ നിന്നും അഞ്ച് ബ്രഹ്മ ഋഷികള്‍ ഉണ്ടായി. ഇവര്‍ സനക ബ്രഹ്മഋഷി, സനാതന ബ്രഹ്മഋഷി, അഭുവസന ബ്രഹ്മഋഷി, പ്രജ്ഞസ ബ്രഹ്മഋഷി, സുവര്‍ണ്ണസ ബ്രഹ്മഋഷി എന്നീ പേരുകളില്‍ അറിയപ്പെടുന്നു എന്ന് വസിഷ്ഠ പുരാണത്തില്‍ പറയുന്നു. ഇവര്‍ പഞ്ച ഗോത്രങ്ങലായുംഅറിയപ്പെടുന്നു. ഇവര്‍ തന്നെയാണ് ബ്രഹ്മാവ്‌, വിഷ്ണു, പരമശിവന്‍, സൂര്യന്‍, ഇന്ദ്രന്‍ എന്ന് സങ്കല്‍പം. വിരാട് വിശ്വകര്‍മ്മാവിന്റെ പുത്രന്‍മാരായ മനു, മയാ, തൊഷ്ഠ, ശില്പി, വിശ്വഗ്ന എന്നി പഞ്ച ഋഷി ശില്പികള്‍ക്കും ഇതേ ഗുണഗണങ്ങള്‍ തന്നെയാണ്.  സൃഷ്ടി നടത്തുക മാത്രമല്ല അവയ്ക്ക് ആവശ്യമായ പ്രമാണങ്ങളും തത്വങ്ങളും ഉണ്ടാക്കുക കൂടി ചെയ്‌തു വിശ്വകര്‍മ്മാവ്.
സനക ബ്രഹ്മഋഷി
വിരാട് വിശ്വകര്‍മ്മാവിന്റെ പൂര്‍വ ദിശ മുഖത്ത് നിന്നുമാണ് സനക ബ്രഹ്മ ഋഷി ജനിച്ചത്‌. ഇദ്ദേഹമാണ് ലോക പരിപാലനത്തിനായി പരമശിവനു ശുലവും, വിഷ്ണുവിന് ചക്രവും, ബ്രഹ്മാവിന് പാശവും കൊടുത്തത്. 
സനാത ബ്രഹ്മ ഋഷി   
   വിരാട് വിശ്വകര്‍മ്മാവിന്റെ ദക്ഷിണ ദിശാ മുഖത്ത് നിന്നുമാണ് സനാത ബ്രഹ്മ ഋഷി ജനിച്ചത്‌.
ദാരു കര്‍മ്മത്തില്‍ വിദ്ധക്തനായ ഇദ്ദേഹമാണ് കൃഷിക്കവിശ്യമായ ആയുധങ്ങള്‍ നിര്‍മ്മിച്ചത്. സഞ്ചരിക്കുവാനുള്ള വാഹനവും മറ്റും കണ്ടുപിടിച്ചതും ഈ ഋഷി ആണ്.  
പ്രജ്ഞ്സ ബ്രഹ്മ ഋഷി
വിരാട് വിശ്വകര്‍മ്മാവിന്റെ ഉത്തര ദിശാ മുഖത്ത് നിന്നുമാണ് പ്രജ്ഞ്സ ബ്രഹ്മ ഋഷി ജനിച്ചത്‌.
ഇദ്ദേഹം മഹാ ശില്പിയും ക്ഷേത്രം, മണ്ഡപം, ഗോപുരം, തുടങ്ങിയവയുടെ പരികല്പകന്‍ കൂടിയാണ്.
അഭുവന ബ്രഹ്മ ഋഷി
വിരാട് വിശ്വകര്‍മ്മാവിന്റെ പശ്ചിമ ദിശാ മുഖത്ത് നിന്നുമാണ് അഭുവന ബ്രഹ്മ ഋഷി ജനിച്ചത്‌.
ഗൃഹസ്ഥ ധര്മതിന്ടെ കര്‍ത്താവാണ് ഇദ്ദേഹം.  ഗൃഹത്തിന് ആവശ്യമായ പാത്രങ്ങളും മറ്റും കണ്ടുപിടിച്ചതും ഈ ഋഷി ആണ്.
സുപര്‍ണ്ണ ബ്രഹ്മ ഋഷി
പഞ്ച മുഖങ്ങളില്‍ മുകളിലേക് നോക്കുന്ന മുഖത്തില്‍ നിന്നുമാണ് സുപര്‍ണ്ണ ബ്രഹ്മ ഋഷി ജനിച്ചത്‌. ഇദ്ദേഹമാണ് കിരീടം, ആഭരണങ്ങള്‍ മുതലായവ കണ്ടുപിടിച്ചത്.

പരബ്രഹ്മ തത്വരഹസ്യം
"ദേവ ദേവ മഹാദേവ ദേവസയ ജഗത്ഗുരു
വിശ്വ സൃഷ്ടി സ്ഥദ്ദകാര്‍ത്ത, ഭൂഹിമേ പരമേശ്വര
സര്‍വംഗ സര്‍വ ശാസ്ത്ര വിചാരണ
വിശ്വകര്‍മ്മ നവ്യം സര്‍വം സുമന സൃനു ഷണ്മുഖ" 
സ്കന്ദ പുരാണത്തില്‍ ശിവന്‍ മകന്‍ ഷണ്മുഖനോട് പറയുന്ന ഈ ശ്ലോകമാണ് പരബ്രഹ്മ തത്വരഹസ്യം.
"മകനെ ഷണ്മുഖാ! ഞങ്ങള്‍ ബ്രഹ്മ വിഷ്ണു മഹേശ്വര സൂര്യ ഇന്ദ്രന്‍മാര്‍ ദൈവ സൃഷ്ടി മാത്രമാണ്. കാരണം ബ്രഹ്മാവ്‌ സൃഷ്ടിയും, വിഷ്ണു സ്ഥിതിയും, ഇന്ദ്രന്‍ ലോക പാലനവും, സൂര്യന്‍ പ്രകാശവും‍, ഞാന്‍ ലയവും(സംഹാരം) മാത്രമേ നടത്തുന്നുഒള്ളു. ഇതു ഞങ്ങളുടെ കര്‍ത്തവ്യമാണ്. ഇതിനു മുകളില്‍ ഒന്നിനും ഞങ്ങള്‍ക്ക് കഴിയില്ല. അതിനു ഞങ്ങളെ സ്രിഷിച്ച പരമ പിതാവിനെ കഴിയു. അദ്ദേഹമാണ്
 ജഗത്ഗുരു, വിരാട്, ജഗത് ദര്‍ശ, ജഗത് ശില്പി, നിത്യ, സസവിത, ആദി മധ്യ അന്ത രക്ഷിത, ആദി ദേവ, പ്രജാപതി, ഹിരണ്യഗര്‍ഭ, വാസ്ത്സ്പതി, പരബ്രഹ്മ, പരമാത്മ 
'ശ്രീമത് വിരാട് വിശ്വകര്‍മ്മ ദേവന്‍'         

പഞ്ച ഋഷി ബ്രാഹ്മണര്‍
ഭഗവാന്‍ വിശ്വകര്‍മ്മാവ്‌ തന്റെ ശരീരത്തില്‍ നിന്നും ദേവി ഗായത്രിയെ സൃഷ്ടിച്ചു.
ഇവരുടെ പുത്രന്മാരാണ് മനു, മയന്‍, ത്വഷ്ടാവ്, ശില്പി, വിശ്വജ്നന്‍. ഇവര്‍ പഞ്ച ഋഷി ബ്രാഹ്മണര്‍ എന്നറിയപ്പെടുന്നു. ഓരോ പുത്രന്മാരും ഓരോ ബ്രഹ്മ ഋഷി ഗോത്രങ്ങളിലാണ്‌ ജനിച്ചത്‌. മനു സനക ബ്രഹ്മ ഋഷി ഗോത്രത്തിലും, മയന്‍ സനാതന ബ്രഹ്മ ഋഷി ഗോത്രത്തിലും, ത്വഷ്ടാവ് പ്രജ്ഞ്സ ബ്രഹ്മ ഋഷി ഗോത്രത്തിലും, ശില്പി അഭുവന ബ്രഹ്മ ഋഷി ഗോത്രത്തിലും, വിശ്വജ്നന്‍ സുപര്ണ്ണ ബ്രഹ്മ ഋഷി ഗോത്രതിലുമാണ് ജനിച്ചത്‌.

മനു ബ്രഹ്മ
വിശ്വകര്‍മ്മാവിന്റെ ആദ്യ പുത്രനും ലോകത്തിലെ ആദ്യ മനുഷ്യനും ആദ്യ ഭരണകര്ത്താവും ആണ് മനു. ഇദ്ദേഹത്തിന്റെ ആസ്ഥാനം സരസ്വതി നദിയുടെയും ദ്രുഷദ്വ്തി നദിയുടെയും ഇടയിലുള്ള നഗരമാണന്നു വിശ്വസിക്കുന്നു. ധര്‍മ്മ ശാസ്ത്രത്തിന്റെ രചയിതാവായാ ഇദ്ദേഹത്തിന്റെ സമയത്താണ് ഭഗവാന്‍ വിഷ്ണു തന്റെ അവതാരങ്ങള്‍ തുടങ്ങിയത്.
വളരെ വലിയ വംശ പരമ്പരയാണ് മനുവിന്റെത് . യയാതിയുടെ ഭാര്യയായ ദേവയാനിയും മറ്റും ഈ വംശതിലുള്ളതാണ്. ഇവരുടെ മകനാണ് യദു. യദു വംശം ഉണ്ടായത് ഈ രാജാവില്‍ നിന്നാണ്. അങ്ങനെയെങ്കില്‍ ശ്രീ കൃഷ്ണനും ഈ വംശപരംബരയിലെയാണ്.

മയ ബ്രഹ്മ
വിശ്വകര്‍മ്മ ഭഗവാന്റെ രണ്ടാമത്തെ പുത്രനാണ് മയന്‍. ഇദ്ദേഹം മഹാനായ ശില്പിയും, തച്ചു ശാസ്ത്രജനും, ദേവ ശില്പിയുമാണ്. പുരാണങ്ങളില്‍ കാണുന്ന സകല നിര്‍മ്മിതികളുടെയും ശില്പി മയനാണ്. മയനെ പുരാണങ്ങള്‍ ഒരു അസുരനായാണ് ചിത്രികരിചിരിക്കുന്നത്. മയന്റെ സൃഷ്ടിയില്‍ ത്രിലോകങ്ങള്‍, രാജ്യ സഭകള്‍, വിമാനങ്ങള്‍, പുന്തോട്ടങ്ങള്‍, ശക്തിയേറിയ ആയുധങ്ങള്‍ എന്നിവ ചിലത് മാത്രം.
അമരാവതി (ഇന്ദ്ര ലോകം), വൈകുണ്ഡം, കൈലാസത്തിലെ കല്യാണ മണ്ഡപം, ഇന്ദ്ര സഭ, വരുണ സഭ, കുബേര ലോകം, സത്യാ ലോകം, മയ സഭ എന്നിവ പ്രശസ്തം. മയന്‍ സൃഷ്‌ടിച്ച പ്രശസ്തങ്ങളായ പുന്തോട്ടങ്ങള്‍ ആണ് നന്ദാവനം, ചെയ്ത്രരധ (അളകപുരി), ഖാണ്ടവനം, വൃന്ദാവനം മുതലായവ.
മയന്‍ നിര്‍മ്മിച്ച പ്രശസ്ത വിമാനങ്ങള്‍ ആണ് ത്രിപുര വിമാനം, സൌഭാഗ വിമാനം, പുഷ്പക വിമാനം. ഇതില്‍ ത്രിപുര വിമാനം, അസുരന്മാരായ വിദ്യുന്മണിക്കും താരകാക്ഷനും വേണ്ടിയാണ് നിര്‍മ്മിച്ചത്. സൌഭാഗ വിമാനം മറ്റൊരസുരനായ സാലവന്‍ (ശിശുപാലന്റെ അനുജന്‍) വേണ്ടിയാണ് ഇരുമ്പില്‍ നിര്‍മ്മിച്ചത് .
പ്രശസ്തമായ പുഷ്പകവിമാനം കുബെരനുവേണ്ടിയാണ് നിര്‍മ്മിച്ചതെങ്ങിലും പിന്നിട് മഹാനായ അസുര രാജാവ് രാവണന്‍ അത് തട്ടിയെടുത്തു.
മയന്‍റെ ഭാര്യയാണ് ഹേമ. മന്ധോതരി, മായാവി, ദുന്ദുഭി എന്നിവരാണ് മക്കള്‍. മണ്ടോതരിയെ അസുര മഹാ രാജാവ് രാവണന്‍ ആണ് വിവാഹം ചെയ്തത്. ദുന്ദുഭിയെ വാനരരാജന്‍ ബാലി വധിച്ചു.
മയന്‍റെ രണ്ടാം ഭാര്യയില്‍ വ്യോമന്‍ എന്ന പുത്രന്‍ ഉണ്ടായിരുന്നു. ശിബി മഹാരാജവിടെ മകളായ ചന്ദ്രമതിയെ വളര്‍ത്തിയതും രാജ ഹരിചന്ദ്രന് വിവാഹം കഴിച്ചുകൊടുത്ത്തതും മയനാണ്.
ത്വഷ്ട ബ്രഹ്മ
വിശ്വകര്‍മ്മ ഭഗവാന്റെ മൂന്നാമതെ പുത്രനാണ് ത്വഷ്ടവ്. ഇദ്ദേഹം ത്രിലോക ജ്യോതിഷിയും ദേവലോകത്തെ ഭിഷഗ്വരനും ആയിരുന്നു. ത്വഷ്ടവിനു ധാരാളം ശിഷ്യ ഗണനകള്‍ ഉണ്ടായിരുന്നു. ഇതില്‍ രുഭസ് അതി പ്രശസ്തന്‍ ആയിരുന്നു. ത്വഷ്ടാവിന്റെ ഭാര്യ ദിതിയുറെ മകളായ രചനയാണ്. ഇവരുടെ മക്കളാണ് പദ്മകോമള, സനഗ(സപ്ജ്ഞ), വിശ്വരൂപന്.
പദ്മകോമളയെ വിവാഹം കഴിച്ചത് കശ്യപന്റെ മകനായ ശൂര പദ്മാസുരന്‍ ആണ് .
വിശ്വരൂപന്‍ സുരാചാര്യ (ദേവഗുരു) ആയി. ദേവേന്ദ്രന്റെ അടുത്ത സുഹൃത്തായ ഇദ്ദേഹമാണ് ഇന്ദ്രന് നാരായണ കവചം കൊടുത്തത്. പക്ഷെ പിന്നീട് ഇന്ദ്രനുമായി ശത്രുതയിലാകുകയും, ഇന്ദ്രന്‍ വിശ്വരൂപനെ ചതിയിലൂടെ വധിക്കുകയും ചെയ്തു. ഇതില്‍ ഇന്ദ്രന് ബ്രഹ്മഹത്യ പാപവും ഗുരുദ്രോഹ ശാപവും ലഭിച്ചു.
സനഗ(സപ്ജ്ഞ) സൂര്യനെ വിവാഹം കഴിച്ചു. ഇതില്‍ മനു, യമന്‍, യമുനാ എന്നുവര്‍ ജനിച്ചു. യമനും യമുനയും ലോകത്തിലെ ആദ്യ ഇരട്ട കുട്ടികളാണ്. യമന്‍ പിതൃ ലോകത്തിന്റെ രാജാവാണ്‌. യമുനാ നദിയായി. മനു ഇദാദേവിയെ വിവാഹം കഴിച്ചു. സൂര്യ വംശം ആരംഭിച്ചു.
സൂര്യന്ടെ ചൂട് സഹിക്കആതായപ്പോള്‍ സനഗ(സപ്ജ്ഞ) തന്റെ നിഴലിനെ സൂര്യനു കൊടുത്ത്, ഒരു കുതിരയായി മേരു പരവതതിലേക്ക് പോയി. ഈ നിഴലിനെ (ച്ഛായ) സൂര്യന്‍ ഭാര്യയാക്കി. ഇവരുടെ മക്കളാണ് ശനി. ഇതറിഞ്ഞ ത്വഷ്ടവ് സൂര്യനെ ശപിച്ചു, ശക്തി കുറച്ചു. പിന്നിട് സൂര്യന്‍ കുതിരയായി സനഗയുടെ അടുക്കലേക്കു പോയി. കുതിരകളായ സനഗ സൂര്യകള്‍ക്ക് ഉണ്ടായ ഇരട്ട പുത്രന്മാരാണ് അശ്വനി കുമാരന്മാര്‍. ഇവര്‍ പിന്നിട് അശ്വനി ദേവകള്‍ ആയി.

ദേവാഗ്ന (ശില്പി) ബ്രഹ്മ
വിശ്വകര്‍മ്മ ഭഗവാന്റെ നാലാമത്തെ പുത്രനാണ് ദേവാഗ്ന (ശില്പി) ബ്രഹ്മ. ഇദേഹത്തെ കുറിച്ച് പുരാണങ്ങളില്‍ കൂടുതലായി പരാമര്ശിക്കുനില്ല. പകരം നളന്‍ , മയന്‍ തുടങ്ങിയ ശില്‍പികള്‍ ആണ് പ്രശസ്തര്‍.
വിശ്വഗ്ന ബ്രഹ്മ
വിശ്വകര്‍മ്മ ഭഗവാന്റെ അഞ്ചാമത്തെ പുത്രനാണ് വിശ്വഗ്ന ബ്രഹ്മ. ദേവാസുരന്‍മാരുടെ കനകശില്‍പിയാണ് വിശ്വഗ്ന ബ്രഹ്മ. ഒരിക്കല്‍ ഭൂലോകം തലകീഴായി മറിയുകയുണ്ടായി. ഇതു പരിഹരിക്കാനായി ദേവന്മാര്‍ വിശ്വാഗ്ന ശില്പിയെ സമീപിക്കുകയും, അദേഹം ഭൂമിയില്‍ മേരുപര്‍വതം സൃഷ്ടിച് ഭൂമിയെ ഒരു തുലാസ് പോലെ നിര്‍ത്തി, ഒരു വശത്ത് സസ്യജാലങ്ങളും മറുവശത്ത് ദേവന്‍മാരെയും മഹാ ഋഷികളെയും നിരത്തി. തുലാസ് സമം ആവാന്‍ സസ്യജാലങ്ങള്‍ ഉള്ള വശത്തേക്ക് കയറിയത് അഗസ്ത്യ ഋഷി ആയിരുന്നു. അന്നുമുതല്‍ ആണ് "സകല ഋഷികള്‍ക്കും സമം അഗസ്ത്യ ഋഷി" എന്ന പഴംചൊല്ല് ഉണ്ടായത്.