നിരുക്തകാരനായ യജ്ഞാചാര്യൻ വിശ്വകർമ്മ സംജ്ഞയുടെ യൗഗികാർത്ഥം നിർവചിക്കുന്നത് "ജഗത്തിൻ്റെ സമ്പൂർണ്ണ കർമ്മവും, ആരുടേയോ, ആരാണോ ജഗത്തെല്ലാം നിർമ്മിച്ചൊരുക്കിയത് അവനത്രേ വിശ്വകർമ്മാവ്" എന്നാണ്. അത് ജഗദീശ്വരൻ മാത്രമാണ്. സകല ശില്പകലാശാസ്ത്രനിപുണരായ മയാദി ആചാര്യന്മാർ ഉണ്ടാവുകയും ലോകപ്രസിദ്ധരാവുകയും ചെയ്തിട്ടുണ്ടെങ്കിലും അവർക്ക് ജഗത് സൃഷ്ടാവ് എന്ന വിശ്വകർമത്വം കൈവരുന്നതല്ല. ഈശ്വരനല്ല മനുഷ്യൻ എന്നതാണ് അതിനു കാരണം. മനുഷ്യനു ദേവനോ അസുരനോ ആകാം. ഈശ്വരനാകാൻ കഴിയുന്നതല്ല. മണ്ണുമെനഞ്ഞ് പാത്രമോ, തടികടഞ്ഞ് പറയോ ഉണ്ടാക്കാൻ മനുഷ്യന് കഴിയും. മണ്ണും തടിയും പ്രകൃതിയെന്ന ഉപാദാനത്താൽ ഭഗവാൻ സൃഷ്ടിക്കുന്നു. അതിനാൽ ഭഗവാനത്രേ നിമിത്തകാരണമായ വിശ്വകർമ്മാവ്. വിശ്വകർമ്മ സൂക്തം മനനം ചെയ്യുന്നവർക്ക് ഈ തത്ത്വത്തിനുള്ളിൽ ഉദയം ചെയ്തിരുന്ന പൊരുൾ ഗ്രഹിക്കാനാകും. വിശ്വകർമ്മാവെന്ന മഹാശില്പി ആരെന്നു ബോധിക്കുകയും ചെയ്യും. – അമൃതകീർത്തി ആചാര്യ നരേന്ദ്രഭൂഷൻ.
നന്ദി : വിനു ആചാരി

